ജീവനെക്കാള്‍ നല്ലത്
മേരി യേശുവിനെ സ്‌നേഹിച്ചുവെങ്കിലും ജീവിതം കഠിനമായിരുന്നു, അതികഠിനം. വെടിവയ്പിന് ഇരകളായി രണ്ട് ആണ്‍മക്കളും രണ്ടു പേരക്കുട്ടികളും അവള്‍ക്കു മുമ്പേ മരണമടഞ്ഞു. മേരിക്ക് ഒരു പക്ഷാഘാതം ഉണ്ടായതു നിമിത്തം ഒരു വശം തളര്‍ന്നുപോയി. എന്നിട്ടും, അവള്‍ക്ക് നടക്കാന്‍ സാധിച്ചയുടനെ അവള്‍ പള്ളിയില്‍ പോയി തന്റെ ഇടറിയതും അവ്യക്തവുമായ വാക്കുകളില്‍ സാക്ഷ്യം പ്രസ്താവിച്ചു, ''എന്റെ ഉള്ളം യേശുവിനെ സ്‌നേഹിക്കുന്നു; അവന്റെ നാമത്തെ സ്തുതിക്കുന്നു!''
മേരി ദൈവത്തോടുള്ള തന്റെ സ്തുതി പ്രസ്താവിക്കുന്നതിന് വളരെ മുമ്പുതന്നെ, 63-ാം സങ്കീര്‍ത്തനത്തിലെ വാക്കുകള്‍ ദാവീദ് എഴുതി. സങ്കീര്‍ത്തനത്തിന്റെ തലക്കെട്ട് ''യെഹൂദാ മരുഭൂമിയിലായിരുന്നപ്പോള്‍'' ദാവീദ് ഇത് എഴുതിയതായി രേഖപ്പെടുത്തുന്നു. അനഭിലഷണീയമായ, നിരാശാജനകമായ സാഹചര്യങ്ങളില്‍ പോലും, അവന്‍ ദൈവത്തില്‍ പ്രത്യാശിച്ചതിനാല്‍ നിരാശനായില്ല. ''ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാന്‍ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു' (വാ. 1).
വ്യക്തമായ ദിശാസൂചനയോ മതിയായ വിഭവങ്ങളോ ഇല്ലാത്ത ഒരു സ്ഥലത്തായിരിക്കാം ഒരുപക്ഷേ നിങ്ങള്‍. അസുഖകരമായ സാഹചര്യങ്ങള്‍ നമ്മെ ആശയക്കുഴപ്പത്തിലാക്കാം, പക്ഷേ നമ്മെ സ്‌നേഹിക്കുന്നവനും (വാ. 3), തൃപ്തിപ്പെടുത്തുന്നവനും (വാ. 5), സഹായിക്കുന്നവനും (വാ. 7) തന്റെ വലങ്കൈ നമ്മെ താങ്ങുന്നവനും (വാ. 8) ആയവനോട് നാം പറ്റിനില്‍ക്കുമ്പോള്‍ അവ നമ്മെ വഴിതെറ്റിക്കേണ്ടതില്ല. കാരണം അവന്റെ ദയ ജീവനേക്കാള്‍ നല്ലതാകുന്നു. മേരിയെയും ദാവീദിനെയും പോലെ, ദൈവത്തെ സ്തുതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അധരങ്ങളിലൂടെ നമുക്ക് സംതൃപ്തി പ്രകടിപ്പിക്കാന്‍ കഴിയും (വാ. 3-5).
യേശുവിനാല്‍ സ്വതന്ത്രമാക്കപ്പെട്ടവര്‍
'ഞാന്‍ എന്റെ അമ്മയോടൊപ്പം ഇത്രയും കാലം ജീവിച്ചു, ഒടുവില്‍ അവര്‍ എന്നെ വിട്ടു പോകേണ്ടിവന്നു!'' പീറ്ററിന്റെ വാക്കുകളായിരുന്നു അവ. സുബോധത്തിനും യേശുവിനു കീഴടങ്ങുന്നതിനും മുമ്പുള്ള അവന്റെ ജീവിതം മനോഹരമായിരുന്നില്ല. മയക്കുമരുന്നിനുവേണ്ടി പ്രിയപ്പെട്ടവരില്‍ നിന്ന് പോലും പണം മോഷ്ടിക്കുമായിരുന്നു എന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി സമ്മതിക്കുന്നു. ആ ജീവിതം ഇപ്പോള്‍ അവന്റെ പിന്നിലാണ്. എങ്കിലും അതില്‍നിന്നെല്ലാം മോചനം പ്രാപിച്ച വര്‍ഷങ്ങളും മാസങ്ങളും ദിവസങ്ങളും ശ്രദ്ധിച്ചുകൊണ്ട് അദ്ദേഹം അത് ഓര്‍മ്മിക്കുന്നു. പീറ്ററും ഞാനും പതിവായി ദൈവവചനം പഠിക്കാന്‍ ഇരിക്കുമ്പോള്‍, ഞാന്‍ ഒരു മാറിയ മനുഷ്യനെയാണ് കാണുന്നത്്.
മര്‍ക്കോസ് 5:15-ല്‍ ഭൂതബാധിതനായിരുന്നവനും എന്നാല്‍ രൂപാന്തരം സംഭവിച്ചവനുമായ ഒരു വ്യക്തിയെക്കുറിച്ച് പറയുന്നു. അവന്റെ രോഗശാന്തിക്ക് മുമ്പ്, നിസ്സഹായന്‍, നിരാശന്‍, ഭവനരഹിതന്‍, നിരാശന്‍ എന്നീ വാക്കുകളായിരുന്നു ആ മനുഷ്യന് യോജിക്കുന്ന വിശേഷണങ്ങള്‍ (വാ. 3-5). എന്നാല്‍ യേശു അവനെ മോചിപ്പിച്ചതിനുശേഷം അതെല്ലാം മാറി (വാ. 13). പക്ഷേ, പീറ്ററിനെപ്പോലെ, യേശുവിനു മുമ്പുള്ള അവന്റെ ജീവിതം സാധാരണ നിലയിലായിരുന്നില്ല. അവന്‍ ബാഹ്യമായി പ്രകടിപ്പിച്ച ആന്തരിക സംഘര്‍ഷം ഇന്നത്തെ ആളുകള്‍ അനുഭവിക്കുന്നതില്‍ നിന്ന് വ്യത്യസ്തമല്ല. വേദനിപ്പിക്കുന്ന ചില മുറിവേറ്റ ആളുകള്‍ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലോ വാഹനങ്ങളിലോ മറ്റ് സ്ഥലങ്ങളിലോ താമസിക്കുന്നു; ചിലര്‍ സ്വന്തം വീടുകളില്‍ താമസിക്കുന്നുണ്ടെങ്കിലും വൈകാരികമായി ഒറ്റയ്ക്കാണ്. അദൃശ്യമായ ചങ്ങലകള്‍ മറ്റുള്ളവരെ അകറ്റുന്നിടത്തോളം ഹൃദയങ്ങളെയും മനസ്സിനെയും ബന്ധിക്കുന്നു.
നമ്മുടെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും വേദനയും ലജ്ജയുമായി നമുക്കാശ്രയിക്കാന്‍ കഴിയുന്നവനാണ് യേശു. ലെഗ്യോനെയും പീറ്ററിനെയും പോലെ, തന്നിലേക്ക് ഓടിയെത്തുന്ന എല്ലാവരെയും അവന്‍ കരുണയുടെ തുറന്ന കൈകളോടെ കാത്തിരിക്കുന്നു (വാ. 19).
അതില്‍ ഒരുമിച്ച്
1994-ലെ രണ്ടു മാസ കാലയളവില്‍, റുവാണ്ടയില്‍ ഒരു ദശലക്ഷം ടുട്സികളെ ഹുട്ടു ഗോത്രക്കാര്‍ വധിച്ചു. ഈ ഭയാനകമായ വംശഹത്യയുടെ പശ്ചാത്തലത്തില്‍, ബിഷപ്പ് ജെഫ്രി റുബുസിസി തങ്ങളുടെ പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട സ്ത്രീകളെ സന്ധിക്കുന്നതിനെക്കുറിച്ച് തന്റെ ഭാര്യയുമായി ആലോചിച്ചു. ''എനിക്ക് ചെയ്യേണ്ടത് കരയുക മാത്രമാണ്'' എന്നായിരുന്നു മേരിയുടെ മറുപടി. അവള്‍ക്കും അവളുടെ കുടുംബത്തിലെ അംഗങ്ങളെ നഷ്ടപ്പെട്ടു. ബുദ്ധിമാനായ ഒരു നേതാവും കരുതലുള്ള ഭര്‍ത്താവും എന്ന നിലയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം: ''മേരീ, സ്ത്രീകളെ ഒരുമിച്ചുകൂട്ടി അവരോടൊപ്പം കരയുക.'' ഭാര്യയുടെ വേദന മറ്റുള്ളവരുടെ വേദനയില്‍ അതുല്യമായി പങ്കുചേരാന്‍ അവളെ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
ദൈവത്തിന്റെ കുടുംബമായ സഭ, ജീവിതത്തിലെ എല്ലാക്കാര്യങ്ങളും പങ്കിടാന്‍ കഴിയുന്ന ഇടമാണ് - നല്ല കാര്യങ്ങളും അത്ര നല്ലതല്ലാത്ത കാര്യങ്ങളും. നമ്മുടെ പരസ്പര ആശ്രയത്വം മനസ്സിലാക്കാന്‍ പുതിയ നിയമത്തില്‍ 'അന്യോന്യം'' എന്ന വാക്കുകള്‍ ഉപയോഗിക്കുന്നു. ''സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതില്‍ അന്യോന്യം
മുന്നിട്ടുകൊള്ളുവിന്‍...തമ്മില്‍ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേര്‍ന്നുകൊള്‍വിന്‍'' (റോമര്‍ 12:10, 16). നമ്മുടെ ബന്ധത്തിന്റെ വ്യാപ്തി 15-ാം വാക്യത്തില്‍ പ്രകടിപ്പിച്ചിരിക്കുന്നു: ''സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുകയും കരയുന്നവരോടുകൂടെ കരയുകയും ചെയ്യുവിന്‍.'
വംശഹത്യക്കിരയായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ വേദനയുടെ ആഴവും വ്യാപ്തിയും നിസ്സാരമായിരുന്നേക്കാം, എന്നിരുന്നാലും ഇത് വ്യക്തിപരവും യഥാര്‍ത്ഥവുമാണ്. മേരിയുടെ വേദനയില്‍ അവള്‍ ചെയ്്തതു പോലെ, ദൈവം നമുക്കുവേണ്ടി ചെയ്തതുകൊണ്ട് മറ്റുള്ളവരുടെ സുഖത്തിനും നന്മയ്ക്കും വേണ്ടി അത് സ്വീകരിക്കാനും പങ്കിടാനും നമുക്കു കഴിയും.
അവസാനം ലഭിക്കുന്ന കൃപ
ആര്‍ട്ടിസ്റ്റ് ഡഫ് മെര്‍ക്കിയുടെ 'റൂത്ത്ലെസ് ട്രസ്റ്റ്'' (നിഷ്‌കരുണമായ ആശ്രയം) എന്ന മാസ്റ്റര്‍പീസ് ശില്പം, വാല്‍നട്ട് മരംകൊണ്ടുള്ള കുരിശിനെ ആശയറ്റ നിലയില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു മനുഷ്യന്റെ പിത്തള രൂപമാണ്. അദ്ദേഹം എഴുതുന്നു, ജീവിതത്തിനുവേണ്ടിയുള്ള നമ്മുടെ നിരന്തരവും അനുയോജ്യവുമായ ശാരീരിക നിലയുടെ ലളിതമായ ആവിഷ്‌കാരമാണിത് - മൊത്തത്തില്‍, ക്രിസ്തുവിലും സുവിശേഷത്തിലും ഉള്ള വിലങ്ങുകളില്ലാത്ത ദൃഢമൈത്രിയും ആശ്രയത്വവും ആണത്.''
അത്തരത്തിലുള്ള ആശ്രയമാണ് മര്‍ക്കൊസ് 5:25-34 ല്‍ കാണുന്ന പേരുപറയാത്ത സ്ത്രീയുടെ പ്രവൃത്തികളിലും വാക്കുകളിലും വെളിപ്പെടുന്നത്. പന്ത്രണ്ടു വര്‍ഷമായി അവളുടെ ജീവിതം തകര്‍ച്ചയിലായിരുന്നു (വാ. 25). 'പല വൈദ്യന്‍മാരാലും ഏറിയൊന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീര്‍ന്നിരുന്നു'' (വാ. 26). എന്നാല്‍ യേശുവിനെക്കുറിച്ചു കേട്ടപ്പോള്‍, അവള്‍ അവന്റെയടുത്തേക്ക് തിക്കിത്തിരക്കിച്ചെന്നു അവനെ തൊട്ടു 'ബാധ മാറി സ്വസ്ഥയായി'' വാ. 27-29).
നിങ്ങളുടെ ജീവിതത്തില്‍ അന്ത്യത്തില്‍ നിങ്ങള്‍ എത്തിയിട്ടുണ്ടോ? നിങ്ങളുടെ സ്രോതസ്സുകള്‍ മുഴുവനും വറ്റിയിരിക്കുന്നുവോ? ഉത്ക്കണ്ഠാകുലരും നിരാശരും നഷ്ടപ്പട്ടവരും നിരാശ്രയരും ആയ ആളുകള്‍ ഹതാശയരാകേണ്ട കാര്യമില്ല. മെര്‍ക്കിയുടെ ശില്പത്തില്‍ ചിത്രീകരിച്ചിരിക്കുന്ന നിലയിലുള്ളതും ഇവിടെ കാണുന്ന സ്ത്രീയുടെ കാര്യത്തിലും കാണുന്നതുപോലെ ആശയറ്റ വിശ്വാസത്തോട് കര്‍ത്താവായ യേശു ഇന്നും പ്രതികരിക്കുന്നു. ഗാനരചയിതാവായ ചാള്‍സ് വെസ്ലിയുടെ വാക്കുകളില്‍ ഈ വിശ്വാസം പ്രകടിപ്പിക്കുന്നു: 'പിതാവേ, ഞാന്‍ എന്റെ കരം അങ്ങയിലേക്കു നീട്ടുന്നു; മറ്റൊരു സഹായത്തെക്കുറിച്ചും എനിക്കറിയില്ല.' അത്തരത്തിലുള്ള വിശ്വാസം ഇല്ലേ? അവനെ ആശ്രയിക്കുന്നതിനു നിങ്ങളെ സഹായിക്കാന്‍ ദൈവത്തോടപേക്ഷിക്കുക. ഈ പ്രാര്‍ത്ഥനയോടെയാണ് വെസ്ലിയുടെ ഗാനം ഉപസംഹരിക്കുന്നത്: വിശ്വാസത്തിന്റെ നായകനേ, അങ്ങയിലേക്കു ഞാനെന്റെ തളര്‍ന്ന കണ്ണുകളാല്‍ വാഞ്ഛയോടെ നോക്കുന്നു; ഇപ്പോള്‍ എനിക്കാ ദാനം ലഭിച്ചെങ്കില്‍, അതില്ലാതെ എന്റെ ആത്മാവ് മരിക്കുന്നു.''
അന്ത്യംവരെ ഫലദായകം
ലെനോര്‍ ഡണ്‍ലപ്പ് 94 വയസ്സിന്റെ പെറുപ്പമായിരുന്നെങ്കിലും, അവളുടെ മനസ്സ് കൂര്‍മ്മവും, ചിരി തെളിഞ്ഞതും യേശുവിനോടുള്ള അടങ്ങാത്ത സ്‌നേഹം അനേകര്‍ എളുപ്പം മനസ്സിലാക്കുന്നതും ആയിരുന്നു. ഞങ്ങളുടെ സഭയിലെ ചെറുപ്പക്കാരുടെ കൂട്ടത്തില്‍ അവളെ കാണുന്നത് അസാധാരണമായിരുന്നില്ല; അവളുടെ സാന്നിധ്യവും പങ്കാളിത്തവും സന്തോഷത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഉറവിടമായിരുന്നു. ലെനോറിന്റെ ജീവിതം വളരെ ജീവദായകമായിരുന്നതിനാല്‍ അവളുടെ മരണം ഞങ്ങളെ അരക്ഷിതാവസ്ഥയിലാക്കിക്കളഞ്ഞു. ശക്തയായ ഒരു ഓട്ടക്കാരിയെപ്പോലെ അവളുടെ ജീവിതത്തിന്റെ ഫിനീഷ് ലൈനിലേക്ക് ഓടി. അവളുടെ ഊര്‍ജ്ജവും തീക്ഷ്ണതയും അത്രയധികമായിരുന്നതിനാല്‍ അവളുടെ മരണത്തിന് ചില ദിവസങ്ങള്‍ക്കു മുമ്പ്, ലോകത്തിലെ ജനങ്ങള്‍ക്ക് യേശുവിന്റെ സന്ദേശം എത്തിക്കുന്നതിനെക്കുറിച്ചുള്ള 16 ആഴ്ച ദൈര്‍ഘ്യമുള്ള ഒരു പഠന കോഴ്‌സ് അവള്‍ പൂര്‍ത്തീകരിച്ചു.
ലെനോറിന്റെ ഫലകരവും ദൈവം മാനിക്കുന്നതുമായ ജീവിതം, സങ്കീര്‍ത്തനം 92:12-15 ല്‍ പറഞ്ഞിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ്. ദൈവവുമായുള്ള ശരിയായ ബന്ധത്തില്‍ വേരൂന്നിയിരിക്കുന്ന ജീവിതങ്ങള്‍ തളിര്‍ക്കുകയും പൂക്കുകയും ഫലം കായിക്കുകയും ചെയ്യുന്നതിനെയാണ് ഈ സങ്കീര്‍ത്തനം വിവരിക്കുന്നത് (വാ. 12-13). ചിത്രീകരിച്ചിരിക്കുന്ന രണ്ടു വൃക്ഷങ്ങള്‍ യഥാക്രമം ഫലത്തിനും തടിക്കുമായി വിലമതിക്കുന്നവയാണ്. ഇവയുപയോഗിച്ച് ചൈതന്യം, അഭിവൃദ്ധി, ഉപയോഗക്ഷമത എന്നിവയെ സങ്കീര്‍ത്തനക്കാരന്‍ ചിത്രീകരിക്കുന്നു. നാം നമ്മുടെ ജീവിതത്തില്‍ സ്‌നേഹം, പങ്കുവയ്ക്കല്‍, മറ്റുള്ളവരെ ക്രിസ്തുവിങ്കലേക്കു നയിക്കല്‍ എന്നിവ തളിര്‍ത്തു പൂത്തു കായിക്കുമ്പോള്‍ നാം സന്തോഷിക്കണം.
പ്രായമുള്ളവര്‍ എന്നും അനുഭവസമ്പന്നര്‍ എന്നും വിളിക്കപ്പെടുന്നവര്‍പോലും വേരൂന്നി ഫലം കായിക്കുവാന്‍ താമസിച്ചുപോയിട്ടില്ല. യേശുവിലൂടെ ദൈവത്തില്‍ ആഴത്തില്‍ വേരൂന്നിയിരുന്ന ലെനോറിന്റെ ജീവിതം ഇതിനെയും ദൈവത്തിന്റെ നന്മയെയും സാക്ഷീകരിക്കുന്നു (വാ. 15). നമ്മുടെ ജീവിതത്തിനും അതിനു കഴിയും.
നിരന്തര പ്രാര്‍ത്ഥന
'പ്രാര്‍ത്ഥനകള്‍ക്കു മരണമില്ല.' ഇ. എം. ബൗണ്ട്‌സിന്റെ (1835-1915) ശ്രദ്ധേയമായ വാക്കുകളാണിവ. പ്രാര്‍ത്ഥനയെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ക്ലാസ്സിക് കൃതികള്‍ തലമുറകളായി ആളുകളെ ഉത്തേജിപ്പിക്കുന്നു. പ്രാര്‍ത്ഥനയുടെ ശക്തിയും സ്ഥിരതയുള്ള സ്വഭാവവും സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഈ വാക്കുകളില്‍ തുടരുന്നു: 'അവ ഉച്ചരിക്കുന്ന അധരങ്ങള്‍ മരണത്താല്‍ അടഞ്ഞേക്കാം, അവ അനുഭവിച്ച ഹൃദയങ്ങളുടെ മിടിപ്പുകള്‍ അവസാനിച്ചേക്കാം, എങ്കിലും പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ ജീവിക്കും, ദൈവത്തിന്റെ ഹൃദയം അവയില്‍ ഉറച്ചിരിക്കുകയും അവ ഉച്ചരിച്ച ആളുകള്‍ മരിച്ചാലും അവ ജീവിച്ചിരിക്കുകയും ചെയ്യും; അവ ഒരു തലമുറയ്ക്കപ്പുറം, ഒരു കാലഘട്ടത്തിനപ്പുറം, ഒരു ലോകത്തിനപ്പുറം ജീവിച്ചിരിക്കും.'
നിങ്ങളുടെ പ്രാര്‍ത്ഥന - പ്രത്യേകിച്ചു പ്രതിസന്ധികളിലും വേദനയിലും കഷ്ടതയിലും ഉടലെടുത്തവ - ദൈവസന്നിധിയില്‍ എത്തിയിട്ടുണ്ടോ എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ടോ? ബൗണ്ട്‌സിന്റെ ഉള്‍ക്കാഴ്ച നല്‍കുന്ന വാക്കുകള്‍പോലെ വെളിപ്പാട് 8:1-5 വാക്യങ്ങളും നമ്മുടെ പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സ്വര്‍ഗ്ഗത്തിലെ രംഗം (വാ. 1) ദൈവത്തിന്റെ സിംഹാസന മുറിയും പ്രപഞ്ചത്തിന്റെ നിയന്ത്രണ കേന്ദ്രവുമാണ്. ദൂതന്മാരായ സേവകര്‍ ദൈവസന്നിധിയില്‍ ശുശ്രൂഷിച്ചു നില്‍ക്കുന്നു (വാ. 2). പഴയ നിയമ പുരോഹിതനെപ്പോലെ ഒരു ദൂതന്‍ 'സകല വിശുദ്ധന്മാരുടെയും' (വാ. 3) പ്രാര്‍ത്ഥനയോടുകൂടെ ധൂപവര്‍ഗ്ഗം അവനു കൊടുത്തു. ഭൂമിയില്‍ കഴിക്കുന്ന പ്രാര്‍ത്ഥന സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ സന്നിധിയില്‍ എത്തുന്നു എന്നതിന്റെ ഈ ചിത്രം എത്രമാത്രം കണ്ണു തുറപ്പിക്കുന്നതും ധൈര്യപ്പെടുത്തുന്നതുമാണ് (വാ. 4). നമ്മുടെ പ്രാര്‍ത്ഥന കൈമാറപ്പെടുന്ന സമയത്തു തന്നെ നഷ്ടപ്പെടുമെന്നോ വിസ്മരിക്കപ്പെടുമെന്നോ നാം ചിന്തിക്കുമ്പോള്‍, ഇവിടെ നാം കാണുന്ന കാര്യം നമ്മെ ആശ്വസിപ്പിക്കുകയും പ്രാര്‍ത്ഥനയില്‍ തുടരുവാന്‍ നമ്മെ നിര്‍ബന്ധിക്കുകയും ചെയ്യും, കാരണം നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിനു വിലപ്പെട്ടവയാണ്!
അതു പറയുന്നതു ചെയ്യുക
ബ്രിയാനെ തന്റെ സഹോദരന്റെ വിവാഹത്തില്‍ തോഴനാകാന്‍ നിശ്ചയിച്ചിരുന്നു എങ്കിലും അവന്് അതത്ര നന്നായി ചെയ്യാന്‍ കഴിഞ്ഞില്ല. സ്വാഭാവികമായും കുടുംബത്തിനു നിരാശ തോന്നി, പ്രത്യേകിച്ചും വേദഭാഗം വായിക്കാന്‍ തീരുമാനിച്ചിരുന്ന സഹോദരി ജാസ്മിന്. ശുശ്രൂഷാ വേളയില്‍ 1 കൊരിന്ത്യര്‍ 13 ലെ സ്‌നേഹത്തെക്കുറിച്ചുള്ള സുപ്രസിദ്ധ വേദഭാഗം അവള്‍ ഭംഗിയായി വായിച്ചു. എന്നാല്‍ വിവാഹത്തിനുശേഷം ബ്രിയാന് ഒരു ജന്മദിന സമ്മാനം കൊടുക്കാന്‍ പിതാവ് ആവശ്യപ്പെട്ടപ്പോള്‍ അവള്‍ മടിച്ചു. സ്‌നേഹത്തെക്കുറിച്ചുള്ള വാക്യം വായിക്കുന്നതിനെക്കാള്‍ പാലിക്കുന്നത് അവള്‍ക്ക് പ്രയാസകരമായിരുന്നു. എങ്കിലും സന്ധ്യയ്ക്കു മുമ്പേഅവള്‍ക്കു മനംമാറ്റമുണ്ടാകുകയും ഇപ്രകാരം സമ്മതിക്കുകയും ചെയ്തു, 'സ്‌നേഹത്തെക്കുറിച്ചുള്ള വേദഭാഗം വായിച്ചിട്ട് അത് പ്രായോഗികമാക്കാതെ ഇരിക്കാന്‍ എനിക്കു കഴിയുകയില്ല.'
നിങ്ങള്‍ വചനം വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുകയും അനുസരിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്നതിനെച്ചൊല്ലി എപ്പോഴെങ്കിലും കുറ്റബോധം ഉണ്ടായിട്ടുണ്ടോ? നിങ്ങള്‍ തനിച്ചല്ല. ദൈവത്തിന്റെ വചനം അനുസരിക്കുന്നതിനെക്കാള്‍ എളുപ്പമാണ് വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നത്. അതിനാലാണ് യാക്കോബ് നമ്മോടു നിര്‍ദ്ദേശിക്കുന്നത്, 'എങ്കിലും വചനം കേള്‍ക്കുക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നെ ചതിക്കാതെ അതിനെ.
ചെയ്യുന്നവരായും ഇരിപ്പിന്‍' എന്ന് (യാക്കോബ് 1:22). അവന്‍ പറയുന്ന കണ്ണാടിയുടെ സാദൃശ്യം നമ്മില്‍ ചിരി വിടര്‍ത്തും കാരണം നമ്മെക്കുറിച്ചു തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കണ്ടെത്തുക എന്നതിന്റെ അര്‍ത്ഥം എന്താണെന്നു നമുക്കറിയാം. അതു കണ്ടെത്തുന്നതുകൊണ്ടു കാര്യം നേടി എന്നു നാം ചിന്തിക്കുന്നുവെങ്കില്‍ നമ്മെത്തന്നെ വഞ്ചിക്കുകയാണ്്. 'ന്യായപ്രമാണം ഉറ്റുനോക്കി അതില്‍ നിലനില്‍ക്കുവാന്‍' യാക്കോബ് നമ്മെ നിര്‍ബന്ധിക്കുമ്പോള്‍ (വാ. 25) ജാസ്മിന്‍ ചെയ്യുവാന്‍ നിര്‍ബന്ധിക്കപ്പെട്ടത് ചെയ്യുവാന്‍ അവന്‍ നമ്മെ പ്രേരിപ്പിക്കുകയാണ്-വചനം പ്രായോഗികമാക്കുക. ദൈവവചനം അതാവശ്യപ്പെടുന്നു, അതില്‍ കുറഞ്ഞതൊന്നും അവന്‍ അര്‍ഹിക്കുന്നില്ല.
എനിക്കു ചുറ്റും ഒരു പരിച
അനേക കഴിവുകളുള്ള ഞങ്ങളുടെ ആരാധനാ ശുശ്രൂഷകന്‍ ഒരു ബോട്ട് അപകടത്തില്‍ മുപ്പത്തൊന്നാം വയസ്സില്‍ മരണമടഞ്ഞപ്പോള്‍ ഞങ്ങളുടെ സഭ ദുഃഖകരമായ അനുഭവത്തിലൂടെ കടന്നുപോയി. പോളിനും ഭാര്യ ഡുറോന്റയ്ക്കും വേദന അപരിചിതമായിരുന്നില്ല; അകാലത്തില്‍ കടന്നുപോയ നിരവധി കുഞ്ഞുങ്ങളെ അവര്‍ അടക്കിയിട്ടുണ്ട്; ഇപ്പോഴിതാ ആ കൊച്ചു കുഴിമാടങ്ങള്‍ക്കരികെ മറ്റൊരു കുഴിമാടം കൂടി. ഈ കുടുംബം അനുഭവിച്ച, ജീവിതത്തെ തകര്‍ത്തുടച്ച പ്രതിസന്ധികള്‍ അവരെ സ്നേഹിച്ചവരെയെല്ലാം തലക്കേറ്റ ആഘാതം പോലെ ഉലച്ചു.
വ്യക്തിപരവും കുടുംബപരവുമായ പ്രതിസന്ധികള്‍ ദാവീദിന് അന്യമായിരുന്നില്ല. സങ്കീര്‍ത്തനം 3 ല്‍ തന്റെ മകന്‍ അബ്ശാലോമിന്റെ മത്സരം നിമിത്തം ദാവീദ് തകര്‍ന്നുപോയി. കൊട്ടാരത്തില്‍ താമസിച്ചു യുദ്ധം ചെയ്യുന്നതിനുപകരം, അവന്‍ തന്റെ ഭവനവും സിംഹാസനവും വിട്ട് ഓടിപ്പോയി (2 ശമുവേല്‍ 15:13-23). അവന്‍ ദൈവത്താല്‍ കൈവിടപ്പെട്ടു എന്ന് 'അനേകര്‍' കരുതിയെങ്കിലും (സങ്കീര്‍ത്തനം 3:2), ദാവീദിന് സത്യം അറിയാമായിരുന്നു, കാരണം അവന്‍ യഹോവയെ തന്റെ ശരണമാക്കിയിരുന്നു (വാ. 3),അതനുസരിച്ച് അവന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു (വാ. 4). അതുതന്നെയാണ് ഡുറോന്റ ചെയ്തതും. തന്റെ ഭര്‍ത്താവിനെ സ്മരിക്കുവാന്‍ നൂറുകണക്കിനാളുകള്‍ കൂടിവന്നപ്പോള്‍, അവള്‍ തന്റെ അതിദുഃഖത്തിന്റെ നടുവിലും തന്റെ ശാന്തവും മൃദുവുമായ ശബ്ദത്തില്‍ ദൈവത്തിലുള്ള ഉറപ്പ് പ്രഖ്യാപിക്കുന്ന ഒരു പാട്ടു പാടി.
ഡോക്ടറുടെ റിപ്പോര്‍ട്ട് പ്രോത്സാഹജനകമല്ലാതിരിക്കുമ്പോള്‍, സാമ്പത്തിക ഞെരുക്കത്തിന് അയവു വരാതിരിക്കുമ്പോള്‍, ബന്ധങ്ങള്‍ നിരപ്പാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമ്പോള്‍, നമ്മുടെ സ്നേഹഭാജനങ്ങളെ മരണം തട്ടിയെടുക്കുമ്പോള്‍- 'നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയര്‍ത്തുന്നവനും ആകുന്നു' (വാ. 3) എന്ന് പറയാന്‍ നമുക്കും ശക്തി ലഭിക്കട്ടെ.
മഹത്തായ കാര്യങ്ങള്‍!
1989 നവംബര്‍ 9 ന് ബെര്‍ലിന്‍ മതില്‍ തകര്‍ന്ന വാര്‍ത്ത കേട്ട് ലോകം വിസ്മയിച്ചു. ജര്‍മ്മനിയിലെ ബെര്‍ലിനെ വിഭജിച്ച മതില്‍ തകരുകയും ഇരുപത്തിയെട്ടു വര്‍ഷമായി വിഭജിക്കപ്പെട്ടിരുന്ന നഗരം വീണ്ടും ഒന്നാകുകയും ചെയ്തു. സന്തോഷത്തിന്റെ പ്രഭവകേന്ദ്ര ജര്‍മ്മനിയായിരുന്നെങ്കിലും വീക്ഷിച്ചുകൊണ്ടിരുന്ന ലോകം ആവേശം പങ്കിട്ടു. മഹത്തായ ഒന്നു സംഭവിച്ചു.
ഏതാണ്ട് എഴുപതു വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ചശേഷം ബി.സി.538 ല്‍ യിസ്രായേല്‍ സ്വദേശത്തു മടങ്ങിയെത്തിയപ്പോള്‍, അതു സുപ്രധാനമായിരുന്നു. യിസ്രായേലിന്റെ ചരിത്രത്തിലെ സന്തോഷപൂരിതമായ ഒരു സമയത്തിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ടാണ് സങ്കീര്‍ത്തനം 126 ആരംഭിക്കുന്നത്. ആ അനുഭവം ചിരിയും സന്തോഷപൂര്‍ണ്ണമായ സംഗീതവും ദൈവം തന്റെ ജനത്തിനുവേണ്ടി മഹത്തായ കാര്യം ചെയ്തു എന്ന ലോകവ്യാപക അംഗീകരണവും കൊണ്ട് ശ്രദ്ധേയമായിരുന്നു (വാ. 2). അവന്റെ രക്ഷാകരമായ കരുണ ലഭിച്ച ജനത്തിന്റെ പ്രതികരണം എന്തായിരുന്നു? ദൈവത്തില്‍ നിന്നുള്ള മഹത്തായ കാര്യങ്ങള്‍ മഹത്തായ സന്തോഷം ഉളവാക്കി (വാ. 3). അതു കൂടാതെ, കഴിഞ്ഞ കാലങ്ങളിലെ അവന്റെ പ്രവൃത്തി, വര്‍ത്തമാനകാലത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെയും ഭാവിക്കുവേണ്ടിയുള്ള തിളക്കമാര്‍ന്ന പ്രത്യാശയുടെയും അടിസ്ഥാനമായി മാറി (വാ. 4-6).
നിങ്ങളും ഞാനും ദൈവത്തില്‍ നിന്നുള്ള മഹത്തായ കാര്യങ്ങളുടെ ഉദാഹരണങ്ങള്‍ക്കായി നമ്മുടെ അനുഭവത്തിലേക്ക് ഒത്തിരി ദൂരേക്കു നോക്കണമെന്നില്ല, വിശേഷിച്ചുംഅവന്റെ പുത്രനായ യേശുവിലൂടെ ദൈവത്തില്‍ വിശ്വസിക്കുന്നവരാണു നാമെങ്കില്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ ഗാനരചയിതാവായ ഫാനി ക്രോസ്ബി ആ വികാരം തന്റെ ഗാനത്തില്‍ ഇപ്രകാരം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്: 'മഹത്തായ കാര്യങ്ങള്‍ അവന്‍ നമ്മെ പഠിപ്പിച്ചു, മഹത്തായ കാര്യങ്ങള്‍ അവന്‍ ചെയ്തു, പുത്രനായ യേശുവിലൂടെ നമ്മുടെ സന്തോഷം മഹത്തായതാണ്.' അതേ, ദൈവത്തിനു മഹത്വം, അവന്‍ മഹത്തായ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.
'എങ്കിലും'
2017 ല്‍, യുഎസില്‍ ഹാര്‍വ്വി ചുഴലിക്കാറ്റ് വീശിയതിനുശേഷം ദുരിതത്തിലായവരെ സഹായിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഞങ്ങളുടെ സംഘം ഹൂസ്റ്റണിലേക്കു യാത്ര ചെയ്തു. ദുരിതബാധിതരെ പ്രോത്സാഹിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആ പ്രക്രിയയില്‍, അവരുടെ തകര്‍ന്ന സഭകളുടെയും ഭവനങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നപ്പോള്‍ ഞങ്ങളുടെ തന്നെ വിശ്വാസത്തിനുനേരെ വെല്ലുവിളി ഉയരുകയും അപ്പോള്‍ തന്നെ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തു.
ഹാര്‍വ്വി വിതച്ച നാശനഷ്ടത്തിന്റെ നടുവിലും ഈ ആളുകള്‍ പ്രകടിപ്പിച്ച തിളക്കമാര്‍ന്ന വിശ്വാസമാണ്, എഴാം നൂറ്റാണ്ടിലെ തന്റെ പ്രവചന സൂക്തങ്ങളുടെ അന്ത്യഭാഗത്ത് ഹബക്കുക്ക് പ്രകടിപ്പിച്ചതായി നാം കാണുന്നത്. കഠിന സമയങ്ങള്‍ മുമ്പിലുള്ളതായി പ്രവാചകന്‍ പ്രവചിക്കുന്നു (1:5-2:1); കാര്യങ്ങള്‍ മെച്ചപ്പെടുന്നതിനു മുമ്പ് കൂടുതല്‍ മോശമാകുന്ന അവസ്ഥയാണ്. പ്രവചനത്തിന്റെ അവസാനം ഭൗമിക നഷ്ടങ്ങളെ വിലയിരുത്തുന്ന പ്രവാചകനെ നാം കാണുന്നു. മൂന്നു പ്രാവശ്യം അവിടെ 'എങ്കിലും' എന്ന പദം പ്രത്യക്ഷപ്പെടുന്നു: അത്തിവൃക്ഷം തളിര്‍ക്കുകയില്ല (എങ്കിലും); മുന്തിരിവള്ളിയില്‍ അനുഭവം ഉണ്ടാകയില്ല (എങ്കിലും); ... ആട്ടിന്‍കൂട്ടം തൊഴുത്തില്‍നിന്ന്
നശിച്ചുപോകും; ഗോശാലകളില്‍ കന്നുകാലി ഉണ്ടായിരിക്കുകയില്ല (എങ്കിലും) (3:17).
ആരോഗ്യ നഷ്ടം, ജോലി നഷ്ടം, പ്രിയപ്പെട്ടവരുടെ വേര്‍പാട്, പ്രകൃതി ദുരന്തം തുടങ്ങിയ സങ്കല്‍പ്പാതീത നഷ്ടങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ നമ്മുടെ നിലപാട് എന്തായിരിക്കും? ഹബക്കുക്കിന്റെ 'കഠിന സമയങ്ങളുടെ ഗീതം' നമ്മെ ഇന്നലെയും ഇന്നും എന്നേക്കും നമ്മുടെ രക്ഷയുടെയും (വാ. 18) ബലത്തിന്റെയും, സ്ഥിരതയുടെയും (വാ. 19) ഉറവിടമായ ദൈവത്തിലുള്ള ഉറപ്പേറിയ വിശ്വാസത്തിനും ആശ്രയത്തിനും ആഹ്വാനം ചെയ്യുന്നു. അവസാനം, അവനില്‍ ആശ്രയിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല.